2021 –ന്റെ ആദ്യ പാദത്തിൽ രണ്ടാമതും കോവിഡിന്റെ വിഷപ്പുക ലോകമാകെ പടർന്നു. വിമാനങ്ങൾ പറക്കാതെയായി. യാത്രയിലായിരുന്ന ആയിരക്കണിക്കിന് ആളുകൾ പലേസ്ഥലങ്ങളിലും കുടുങ്ങിപ്പോയി. ആ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. എഴുപതു വർഷങ്ങൾക്കു മേൽ പഴക്കമുള്ള ഞങ്ങളുടെ തറവാട്ടുവീട്ടിൽ ഞാൻ ആറുമാസങ്ങളോളം താമസിച്ചു. കൂട്ടിന് ഞങ്ങളുടെ അമ്മയും ജ്യേഷ്ഠനും.
തിരിച്ചുള്ള യാത്ര നീണ്ടുനീണ്ടു പോയപ്പോൾ, വായനയോടൊപ്പം എഴുത്തും ദിനചര്യകളിൽ കടന്നുവന്നു. പത്രോസും, സാറയും, അന്നമ്മയും, കുഞ്ഞച്ചനുമൊക്കെ എന്നോടും സംസാരിക്കുവാൻ തുടങ്ങി. ആ ദിന രാത്രങ്ങളുടെ ബാക്കി പത്രമാണ് ഈ നോവൽ.
ഇതെഴുതാനുള്ള ശ്രമങ്ങൾ കേരളത്തെപ്പറ്റി എനിക്ക് പുതിയ ഉൾക്കാഴ്ചകൾ നൽകി. നമ്മുടെ നാട്കഴിഞ്ഞ നൂറു വർഷങ്ങളിൽ നേടിയമാറ്റങ്ങൾ അത്ഭുതാവഹമാണ്. അതിന്റെ പിന്നിലെ ചാലക ശക്തികളായിരുന്നു സാമൂഹ്യപരിഷ്കരണങ്ങൾക്കു വേണ്ടി സ്വയംസമർപ്പിച്ച (നമ്മൾ മറന്നുപോയ) ഒരുപാട്മനുഷ്യർ. ഇന്നിനെ ഇങ്ങിനെയാക്കി മാറ്റിയ ഇന്നലെകളിലെ കഥകൾ വായനക്കാർക്കു വേണ്ടിസമർപ്പിക്കുന്നു.
ഏബ്രഹാംചാക്കോ
ദുബായ്
സെപ്തംബർ 2022
1924-25 ലെ വൈക്കം സത്യാഗ്രഹ സമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ. നൂറു വർഷങ്ങൾക്കു മുൻപ് ജീവിച്ചു കടന്നു പോയ ദേശസ്‌നേഹികളുടെ കൂട്ടായ്മകളുടെയും ത്യാഗങ്ങളുടെയും വിസ്മരിക്കപ്പെട്ടുപോയ കഥകൾ ഇവിടെ പുനർജനിക്കുന്നു. വേമ്പനാട് കായലിന്റെ തീരങ്ങളിലെ മനുഷ്യരുടെ പരസ്പര സ്‌നേഹത്തിന്റെയും അദ്ധ്വാനത്തിന്റെയും പ്രകൃതിദുരന്തത്തിന്റെയും ദുരയുടെയും ചെറുത്തുനില്പിന്റെയും കഥകൾ.
"A generation which ignores history has no past and no future.": Robert A Heinlein.
“വേമ്പനാടിന്റ തീരങ്ങളിൽ എന്ന നോവൽ വെബ്സീരീസ് അയി പ്രസിദ്ധീകരിച്ച സമയത്തുതന്നെ വായിക്കുവാൻ സാധിച്ചിരുന്നു. അറിയാതെ പോവുമായിരുന്ന ഒരുപാട് കഥകൾ ഈ നോവലിലൂടെ അറിയുവാൻ കഴിഞ്ഞു. വൈക്കം സത്യാഗ്രഹ സമരത്തിന്റെ കഥകളോടൊപ്പം ജീവനുള്ള കഥാപാത്രങ്ങളായ പത്രോസും സാറാമ്മയും പരമുവും, ജാനുവും പാപ്പി യുമൊക്കെ നമുക് ചുറ്റും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.”
“വൈവിധ്യങ്ങളായ സ്ത്രീ കഥാപാത്രങ്ങളെക്കൊണ്ട് സമ്പന്നമായ നോവലാണ് 'വേമ്പനാടിന്റെതീരങ്ങളിൽ' മദ്യപാനത്തിലേക് വഴുതിവീഴുന്ന ഭർത്താവിനെക്കണ്ട് അവർ തളർന്നില്ല; കുറ്റം പറഞ്ഞുവീടിന്റെ സമാധാനം കെടുത്തിയില്ല. സ്നേഹം കൊണ്ടും പ്രായോഗികത കൊണ്ടും കുടുംബത്തെ തിരിച്ചുപിടിക്കുന്ന അന്നാമ്മ ശക്തയായ കഥാപാത്രമാണ്.”
ഈ നോവൽ, കേരളത്തിന്റെ ചരിത്ര ജനിതക സൃഷ്ടികൂടിയാണ്. മനുഷ്യ മനസ്സുകളുടെ ആഴങ്ങളിലെ സ്വാർത്ഥതയും, പ്രണയവും, കുടുംബ ബന്ധങ്ങളും ഇഴകീറി കാട്ടുന്ന കഥ, വിമോചന മന്ത്രം ഉരുവിട്ട ഒരുജനതയുടെ നേർകാഴ്ച കൂടിയാണ്. കേരളത്തിന്റെ ചരിത്ര തീരങ്ങളിലെ കഥകൾ മലയാളിയുടെ നൊസ്റ്റാൾജിയയാണ്.
“ഒരു ജനതയുടെ പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കഥകൾപറഞ്ഞു 'കുഞ്ഞോള'ങ്ങളായിവന്ന്, അടിച്ച മർത്തലിന്റെ പ്രക്ഷുബ്ധമായ 'തിരത്തള്ളലി' ലേക്ക് നമ്മെ കൊണ്ടെത്തിക്കുന്ന ഈ കൃതി ചരിത്രത്തിന്റെ ഏടുകളിൽ നിന്ന് പകർന്നുവന്നതാണ്. മുൻതലമുറകൾ വായിച്ചിരിക്കേണ്ട ഉദാത്തമായ ഒരു രചന!”
“പച്ചചുണ്ണാമ്പ് തേച്ചുനിറച്ചു, കാഴ്ച നഷ്ടപ്പെട്ടവരുടേയും, വാരിയെല്ലുകൾ തകർന്ന് ആരുമറിയാതെ നരകിച്ചു മരിച്ചവരുടെയും ഓർമ പെടുത്തലുകളാണ് ഈനോവൽ. ദളവാക്കുളത്തിനുമുകളിൽ പണിത വൈക്കം ബസ്സ്റ്റാൻഡിൽ ചരിത്രമറിയാതെ ബസ്കാത്തു നിൽക്കുന്നവർ വായിക്കേണ്ടതാണീ ചരിത്ര സത്യങ്ങൾ.”
"വൈക്കം കായലിലെ ഓളങ്ങൾ പോലെ ഒരു നോവൽ. എബ്രഹാം സർ ഈ നോവലിന് പേരു കൊടുത്തത് പോലെ വേമ്പനാടിന്റെ തീരങ്ങളിൽ കഴിഞ്ഞുപോയ മനുഷ്യ ജീവിതത്തിൻറെ നേർചിത്രമാണ് വേമ്പനാടിൻ്റെ തീരങ്ങളിൽ എന്ന നോവൽ നൽകുന്നത്. സ്വാതന്ത്ര്യ സമരം കത്തിയാളുന്ന കാലത്ത് കേരളത്തിൽ നടന്ന വൈക്കം സത്യാഗ്രഹ സമരത്തിൻറെ അനുഭവങ്ങൾ ഈ നോവലിൽ ഉണ്ട്."