10 May
2022എന്തൊക്കെയാണ് ചെയ്യുവാൻ ബാക്കി! വെള്ളക്കടലാസിന്റെ തുണ്ടിൽ കുഞ്ഞായിട്ടെഴുതിയിട്ടും തികയുന്നില്ല.
നീ പിന്നിൽ നിന്നും വിളിക്കല്ലേ
ബാങ്കിൽ പോകണം.
ഓഫീസിൽ പ്രശ്നങ്ങളാണ്. ഇത്തിരി തന്നിട്ട് ഒത്തിരി ചോദിക്കുന്ന മാനേജരെ മുഖം കാട്ടണം.
നീ ഇനിയും ഓരോന്ന് പറഞ്ഞു താമസിപ്പിക്കല്ലേ
ഓർമയുണ്ട്, ക്‌ളാസ് ടീച്ചറെ കാണുന്ന കാര്യമല്ലേ? ഓർമയുണ്ട്. പക്ഷെ ഇന്നില്ല; നാളെ.... ഉറപ്പായും ഈ ആഴ്ചയിൽ..
ഹോസ്റ്റലിലേക്ക് വിളിക്കണമെന്നോ? അവൾക്കെന്താണ് പ്രശ്‍നം?
അറിയില്ലെന്ന് പറഞ്ഞൊഴിയാത്? നീ വിളിച്ചു ചോദിക്ക്..
ഭാഷക്കെന്താ പ്രശനം? മലയാളമറിയാത്തവൻ മനുഷ്യനാണോ? എടുക്കന്നവനറിയില്ലെങ്കിൽ, അടുത്തിരിക്കുന്നവനറിയും, നീ ധൈര്യമായി വിളിക്ക്..കോയമ്പത്തൂരെന്താ ഇന്ത്യയിലല്ലേ?
ബസ് പോയല്ലോ.. ഇനി ഓട്ടോ.. ചില്ലറയുണ്ടോ ആവോ? അതോ അവളെടുത്തിട്ടു പറയാൻ വിട്ടുപോയോ?
നീ ബസ്സ്റ്റാൻഡിൽ നിന്ന് ചിരിച്ചു കാട്ടേണ്ട. എന്തിനാണ് എന്റെ അടുത്തേക്ക് വരുന്നതിപ്പോൾ?. ഞാൻ ഇന്നലെ വിളിച്ചപ്പോൾ ഫോൺ മുറിച്ചിട്ടത് നീയല്ലേ?
എനിക്ക് അടുത്ത ബസ്സിന് കാത്തുനില്ക്കാൻ സമയമില്ല. ഞാൻ പോട്ടേ
ഓട്ടോ...
ഈ ഓട്ടോക്കാരൻ കുളിക്കില്ലേ? എന്തൊരു മണം? താനെന്തിനാണ് എന്നോട് ലോഹ്യം പറയാൻ നോക്കുന്നത്. ഇന്ന് ചൂടിച്ചിരെ കൂടുതലാണ്. മിനിങ്ങാന്നു മഴ ചാറി.. ശരി ശരി.. അതിനിപ്പോൾ ഞാനെന്തു വേണം? ഒക്കെ മനസ്സിൽ പറഞ്ഞതാണ് കേട്ടോ..
മുടിഞ്ഞ തിരക്കാണല്ലോ. നീ ഓട്ടോക്കാരനല്ലേ? വെട്ടിച്ചു വെട്ടിച്ചു പോടോ.
വീണ്ടും മൊബൈൽ ചിലക്കുന്നു. ഹാലോ, ഞാനിപ്പോഴല്ലേ വീട്ടിൽ നിന്നിറങ്ങിയത്? ഇതിനോടകം എന്ത് അത്യാവശ്യമാണുണ്ടായത്. അടിക്കട്ടെ, ഞാനെടുക്കുന്നില്ല.
ബാങ്കിൽ ടോക്കൺ എടുത്ത് കുത്തിയിരിക്കേണ്ടിവരുമോ? പൊതുവേ, ഞാൻ ഒരു കാത്തിരിപ്പിൽ നിർഭാഗ്യവാനാണ് . എന്റെ മുന്നിലെ ആൾ, ആർക്കും ശരിയാക്കാനാവാത്ത പ്രശ്നങ്ങളുമായി എന്റെ മുൻപിൽ മാത്രം കയറി നില്കും. ഞാൻ വളരെ ശ്രദ്ധിച്ചു തിരഞ്ഞെടുക്കുന്ന ലൈനിൽ ഏറ്റവും പാവങ്ങളെന്നു തോന്നിക്കുന്നവരെ ഉണ്ടാവാറുള്ളൂ. പക്ഷെ അയാളോ അവളോ രണ്ടാളെ ദ്രോഹിക്കും; കൗണ്ടറിലിരിക്കുന്ന ആളെയും പിന്നിൽ നിൽക്കുന്ന എന്നെയും.
കൊടുത്ത തുക കുറഞ്ഞുപോയിട്ടാണോ, ഓട്ടോക്കാരന്റെ മുഖത്തൊരു പുഛച്ചിരി! അവനോട് മല്ലടിക്കാൻ നേരമില്ല. ഞാൻ ഓടട്ടെ. എനിക്ക് ബാങ്കിൽ കയറണം; പിന്നെ ഓഫീസിലേക്കും.
വഴി കുറുകെ കടക്കണം. വലത്തുനിന്ന് ബസ്സു വരുന്നുണ്ട്. ഓടിയാൽ അപ്പുറത്തെത്താനുള്ള അകലമുണ്ട്.
ഒരു വലിയ ഹോണടി ഇടത്തുനിന്നു കേട്ടു. എന്തൊരു ഒച്ച. അത് ചെവികൾക്കുള്ളിലൂടെ. തലക്കുള്ളിലൂടെ തകർത്തടിച്ചു വരുന്നു.
എനിക്ക് തിരക്കുണ്ട്. ഞാൻ ഓടുകയാണ്.
കണ്ണുകളിൽ വെളിച്ചത്തിന്റെ കടവാതിലുകൾ ചിറകടിച്ചു പറക്കുന്നു. ഞാൻ ചെറുകാറ്റിലെ അപ്പൂപ്പൻതാടിയായി. ഈ വഴിമുടക്കിക്കിടക്കുന്നവൻ ആരാണ്? കുത്തിക്കുറിച്ച കുഞ്ഞുകടലാസിന്റെ നിറമിപ്പോൾ സ്നേഹത്തിന്റെ റോസാപുഷ്പമായി. ഇളംകാറ്റിലത് ടാർ റോഡിൽ കിടന്നു വിറക്കുന്നു..
നിരത്തിൽ വണ്ടിയിടിച്ചു ഒരാൾ അനക്കമറ്റ് കിടക്കുന്നതുമൂലം, തിരക്കുള്ള ഒട്ടേറെ പേർക്ക് വലിയ പൊല്ലാപ്പായി. കഷ്ടം, ഇവനൊക്കെ ഒന്ന് ശ്രദ്ധിച്ചു കൂടേ? ഇതിന്റെയൊക്കെ പുറകെ പോയാൽ ഞാൻ താമസിക്കും...എനിക്ക് തിരക്കുണ്ട്, . ഓഫീസിൽ പോകും വഴി ബാങ്കിൽ കയറണം; പിന്നെയുമുണ്ട് കുറെ ജോലികൾ ബാക്കി.
***
ഷിഹാൻ കരുണതിലക, നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയിലേക്ക് സാഹിത്യലോകത്തിന്റെ ശ്രദ്ധ തിരിച്ചുവിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ 'മാലി അൽ മൈഡയുടെ ഏഴു ചന്ദ്രന്മാർ' എന്ന നോവൽ 2022 -ലെ ബുക്കർ സമ്മാനം നേടിയിരിക്കുന്നു. ദക്ഷിണേഷ്യയിലെ എഴുത്തുകാർക്ക് ഒട്ടേറെ അഭിമാനവും സന്തോഷവും നൽകുന്ന വാർത്ത.ഇതിനു മുൻപ് ഇങ്ങിനെ സന്തോഷിച്ചത് അരുന്ധതി റോയി, തന്റെ 'കൊച്ചു കാര്യങ്ങളുടെ ദൈവ'ത്തിന്റെ കഥയുമായി ബുക്കർ സമ്മാനം ഇന്ത്യയിലേക്ക് കൊണ്ടുവന്നപ്പോഴാണ്. അതും, കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമത്തിന്റെ കഥ പറഞ്ഞു നേടിയ അംഗീകാരം.
"ശ്രീലങ്കയുടെ ദുരന്തകഥകൾക്ക് യുക്തിപരമായ വിശദീകരണങ്ങളൊന്നും സാധ്യമല്ല; കാരണം ജീവിച്ചിരിക്കുന്നവർക്ക് അതിനെപ്പറ്റി പറയുവാൻ ഒരു തുമ്പുമില്ല എന്നതുതന്നെ" ഷിഹാൻ പറയുന്നു. അതുകൊണ്ടു തന്നെ, ഈ കഥ മരിച്ച ഒരാൾ നടത്തുന്ന അന്വേഷണങ്ങളായി മാറുന്നു. അങ്ങിനെ ഒരാൾക്ക് സമയത്തിന്റെ ബന്ധനത്തെ മുറിച്ചറിയാൻ കഴിയുമല്ലോ. എൺപതുകളിലെ മനുഷ്യകുരുതികളുടെ കഥകൾ വീണ്ടും തിരിച്ചു വരുന്നു.
തമിഴരെ കൊന്ന് തമിഴ്രാജ്യമുണ്ടാക്കാൻ ശ്രമിക്കുന്ന പുലികൾ
തൊഴിലാളികളെ കൊന്നു സോഷ്യലിസം ഉണ്ടാക്കാനൊരുങ്ങുന്ന മാര്കിസ്റ്റുകൾ
പൗരന്മാരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന സർക്കാർ
ഗ്രാമങ്ങൾക്ക് തീ കൊളുത്തി, സമാധാനം കൊണ്ടുവരാൻ കരാറെഴുതിയ ഇന്ത്യൻ സമാധാന സേന..
മാലി അൽമേഡയുടെ മരണത്തിന്റെ പിന്നാമ്പുറങ്ങളിലേക്കുള്ള യാത്രാവഴികളിൽ ചോരയും മരണവും ചിതറിക്കിടക്കുന്നു
Write Your Review